This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേഗാ, ഹിലാരി ജെര്‍മെയ്ന്‍ എഡ്ഗാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേഗാ, ഹിലാരി ജെര്‍മെയ് നി എഡ്ഗാര്‍ (1834 - 1917)

Degas,Hilaire Germain Edgar

ഫ്രഞ്ചു ചിത്രകാരന്‍. 1834 ജൂല. 19-ന് പാരിസില്‍ ജനിച്ചു. 1855-ല്‍ ഇക്കോള്‍ ഡി ബ്യൂക്സ് ആര്‍ട്സില്‍ ചേര്‍ന്ന് ചിത്രകലാപഠനം തുടങ്ങി. അവിടെ പഠിക്കവേ ലൂയിസ് ലാമോതെയുമായി ചേര്‍ന്ന് ഏതാനും രചനകള്‍ നിര്‍വഹിച്ചു. 1856-57 കാലയളവില്‍ ഇദ്ദേഹം ക്വാട്രോസെന്റോ ചിത്രകല പരിശീലിച്ചു. തുടര്‍ന്ന് റോം, നേപ്പിള്‍സ്, ഫ്ളോറന്‍സ് എന്നിവിടങ്ങളില്‍ച്ചെന്ന് പഠനം നടത്തുകയുണ്ടായി. ആദ്യകാലത്ത് ഛായാചിത്രങ്ങളായിരുന്നു വരച്ചിരുന്നത്. ചങ്ങാതിയായ മാനെറ്റിന്റെ നിരവധി ചിത്രങ്ങള്‍ വരച്ച് 1864-ല്‍ ഇദ്ദേഹം ഒരു പ്രദര്‍ശനം നടത്തി. എങ്കിലും 1865-ലെ ലേഡി വിത്ത് ക്രിസാന്തമംസ് എന്ന ചിത്രത്തോടെയാണ് ഇദ്ദേഹത്തിന്റെ കലാജീ വിതം ലോകത്തിനു പരിചിതമായിത്തീര്‍ന്നത്.

എഡ്ഗാര്‍ ഡേഗാ രചിച്ച സ്വന്തം ഛായാ ചിത്രം

ഇദ്ദേഹത്തിന്റെ കലാജീവിതത്തെ മൂന്നു കാലഘട്ടങ്ങളായി തിരിക്കാം. ആദ്യകാലഘട്ടം നിയോക്ലാസിക് രചനകളുടേതാണ്. മധ്യകാലഘട്ടത്തെ 1865-നു ശേഷമുള്ളതും 70-നു ശേഷമുള്ളതു മായ രണ്ടു വിഭാഗങ്ങളായി കണക്കാക്കിപ്പോരുന്നു. 1880-നു ശേഷമുള്ള അവസാനകാലഘട്ടത്തില്‍ താരതമ്യേന ലളിതമായ ചിത്രങ്ങളാണ് രചിക്കപ്പെട്ടിട്ടുള്ളത്. ആധുനിക ചിത്രകലയിലെ ആചാര്യന്മാരിലൊരാളായ ഇദ്ദേഹം അടിസ്ഥാനപരമായി ഇംപ്രഷനിസ്റ്റ് ശൈലി നിലനിറുത്തിക്കൊണ്ടുതന്നെ അതില്‍നിന്നു വ്യത്യസ്തമായ ഒരു പുതിയ ശൈലി വികസിപ്പിച്ചെടുത്തു.

ആദ്യകാലഘട്ടത്തിലെ രചനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് യങ് സ്പാര്‍ട്ടന്‍ ഗേള്‍സ് ചലെഞ്ചിങ് സ്പാര്‍ട്ടന്‍ ബോയ്സ് (1860). ഇതിവൃത്തപരമായി നിയോ ക്ലാസിക് ആണെങ്കിലും മനുഷ്യരൂപത്തെക്കുറിച്ചുള്ള യഥാതഥ സങ്കല്പങ്ങളോട് ചായ്വു പ്രകടിപ്പിക്കുന്ന രചനാശൈലിയാണ് ഇതിലുള്ളത്. ഇക്കാലയളവില്‍ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളാക്കിയെങ്കിലും അവയൊന്നും അത്ര മികച്ചവയായില്ല. എടുത്തു പറയേണ്ടുന്ന മറ്റൊരു രചന ദ ബാലെ ഫാമിലി (1860-62) യാണ്.

1865 ആയപ്പോഴേക്കും ഇദ്ദേഹം മാനെറ്റ്, സോള തുടങ്ങിയ ഇംപ്രഷനിസ്റ്റുകളുമായി സൗഹൃദത്തിലായി. ഛായാചിത്രങ്ങളായിരുന്നു ഇക്കാലത്തെ മികച്ച രചനകള്‍. അവയില്‍ ഹോര്‍ ട്ടെന്‍സ് വാല്‍പിന്‍കോണ്‍ (1869) അതിപ്രശസ്തമാണ്. 1870-കളില്‍ ജാപ്പനീസ് രചനാശൈലി ഇദ്ദേഹത്തെ ഗണ്യമായി സ്വാധീനിച്ചു. ഫോട്ടോഗ്രാഫിയും മറ്റൊരു സ്വാധീനമായി. ഇക്കാലയളവില്‍ നര്‍ത്തകിമാരുടേയും പ്രഭുക്കന്മാരുടേയും മറ്റും ചിത്രങ്ങളാണ് ഇദ്ദേഹം ധാരാളമായി വരച്ചത്. 1874-ല്‍ ഇദ്ദേഹം ഇംപ്രഷനിസ്റ്റ് പ്രദര്‍ശനത്തില്‍ തന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തി. ഡാന്‍സിങ് ക്ലാസ്, ബാലെ റിഹേഴ്സല്‍ എന്നിവ അക്കൂട്ടത്തിലെ മികച്ച രചനകളാണ്. 1877-ലെ ആള്‍ ദ് സീ സൈഡ്, വുമണ്‍ സീറ്റഡ് അറ്റ് എ കഫേ ടെറസ് എന്നീ ചിത്രങ്ങളും മധ്യകാലരചനകളില്‍ ശ്രദ്ധേയമായവയാണ്.

1880-നു ശേഷമുള്ള അവസാനകാലഘട്ടത്തില്‍ ചെറുചിത്രങ്ങള്‍ ധാരാളമായി വരയ്ക്കുന്ന പതിവാണ് ഇദ്ദേഹമവലംബിച്ചത്. ഡാന്‍സേഴ്സ് ഓണ്‍ സ്റ്റേജ് എന്ന ചിത്ര പരമ്പര ഇക്കാലത്തു വരച്ചതാണ്. ദ് മില്ലെനെറി ഷോപ്പ് (1885), ദ് മോര്‍ണിങ് ബാത്ത് (1890) എന്നിവയാണ് അന്ത്യദിനങ്ങളില്‍ രചിച്ച മാസ്റ്റര്‍പീസുകള്‍. വുമണ്‍ അയണിങ് (1882), വുമണ്‍ അറ്റ് ദെയര്‍ ടോയ്ലറ്റ് (1885-98) തുടങ്ങിയവ സ്ത്രീയുടെ ഇരുപ്പും നടപ്പും കുളിയും ഉറക്കവുമെല്ലാം വിഷയമാക്കി രചിച്ച ചിത്രങ്ങളാണ്. ഇത്തരം നിരവധി ചിത്രങ്ങള്‍ ഇക്കാലത്തു രചിക്കപ്പെട്ടു.

എഡ്ഗാര്‍ ഡേഗായുടെ ഒരു പെയിന്റിങ്

1889 മുതല്‍ 92 വരെ ഇദ്ദേഹം ഫ്രാന്‍സിലൂടെ വ്യാപകമായൊരു പര്യടനം നടത്തി. ഇതിനിടയ്ക്ക് നാല്പതോളം പ്രകൃതി ദൃശ്യങ്ങളുടെ സ്കെച്ചുകള്‍ തയ്യാറാക്കി. അവയുടെ ഒരു പ്രദര്‍ശനം 1892 ഒ.-ല്‍ ഡുറാന്റ-റുവേലില്‍ നടത്തി. ഇതായിരുന്നു ഡേഗാ ആദ്യമായും അവസാനമായും നടത്തിയ ഏകാംഗപ്രദര്‍ശനം.

വരയ്ക്കുക എന്നാല്‍ കാണുന്നതിനെ രേഖപ്പെടുത്തുകയല്ല, മറ്റൊരാള്‍ കാണേണ്ടതെന്താണെന്നതിനെ അടയാളപ്പെടുത്തുകയാണ് - എന്നതായിരുന്നു ഡേഗായുടെ മതം. അതുകൊണ്ട് നേര്‍ വടിവുകളുടെ സുഖകരമായ സംഗീതമല്ല, സാങ്കല്പിക വടിവുകളുടെ അലോസരപ്പെടുത്തുന്ന ക്രമരാഹിത്യമാണ് ഇദ്ദേഹത്തിന്റെ രചനകളില്‍ നിഴലിച്ചത്.

ഇദ്ദേഹം അവിവാഹിതനായാണ് ജീവിതകാലം കഴിച്ചുകൂട്ടി യത്. മുഴുവന്‍ സമയവും കലോപാസകനായി, കലയുമായി അഭിരമിച്ചു കഴിയുകയായിരുന്നു ഇദ്ദേഹത്തിനിഷ്ടം. 1890 കഴിഞ്ഞപ്പോള്‍ കാഴ്ച നന്നേ കുറഞ്ഞുവന്നു. 1898-നു ശേഷം ചിത്രരചന ഇദ്ദേഹത്തിനു സാധിക്കാതെയായി. 1917 സെപ്. 27-ന് ഡേഗാ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍